This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോപ്പന്‍, വ്‌ളാഡിമിര്‍ പീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോപ്പന്‍, വ്‌ളാഡിമിര്‍ പീറ്റര്‍

Koppen, Wladimir Peter (1846-1940)

വ്‌ളാഡിമിര്‍ പീറ്റര്‍ കോപ്പന്‍

ജര്‍മന്‍ അന്തരീക്ഷ ശാസ്‌ത്രജ്ഞനും കാലാവസ്ഥാ വിജ്ഞാനിയും. കാലാവസ്ഥാവര്‍ഗീകരണമാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 1846 സെപ്‌. 25-നു റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗില്‍ (ലെനിന്‍ ഗ്രാഡ്‌) ജനിച്ചു. കോപ്പന്റെ പൂര്‍വികര്‍ ജര്‍മന്‍കാരായിരുന്നു. ഹൈഡല്‍ബര്‍ഗിവും ലൈപ്‌സിഗ്ഗിലുമായി പഠനം പൂര്‍ത്തിയാക്കിയശേഷം 1872-73 ല്‍ റഷ്യന്‍ മീറ്റിയറോളജിക്കല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായി. 1875-ല്‍ ഹാംബുര്‍ഗിലെ ജര്‍മന്‍ നേവല്‍ ഒബ്‌സര്‍വേറ്ററിയില്‍ (Deutsche Seewarte) ഒരു പുതിയ വിഭാഗത്തിന്റെ തലവനായി ചുമതലയേറ്റു. വടക്കു പടിഞ്ഞാറന്‍ ജര്‍മനിയുടെയും അടുത്തുള്ള സമുദ്രങ്ങളുടെയും കാലാവസ്ഥ പ്രവചിക്കുകയായിരുന്നു പ്രധാന ദൗത്യം. 1879 മുതല്‍ ശാസ്‌ത്രപരീക്ഷണങ്ങളില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചു.

സമുദ്രങ്ങളുടെ അന്തരീക്ഷത്തെയും കാലാവസ്ഥയെയും കുറിച്ചുള്ള അതിസൂക്ഷ്‌മമായ സമഗ്രപഠനം, അന്തരീക്ഷത്തിന്റെ ഉയരത്തിലുള്ള ഭാഗങ്ങളെപ്പറ്റി പട്ടങ്ങളും സൗണ്ടിങ്‌ ബലൂണുകളും ഉപയോഗിച്ചു നടത്തിയ പരീക്ഷണ-പഠനങ്ങള്‍, 1918-ലെ കാലാവസ്ഥാ വര്‍ഗീകരണത്തിനു വഴി തെളിച്ച അന്തരീക്ഷ പഠനങ്ങള്‍ എന്നിവയാണ്‌ കോപ്പന്റെ പ്രധാന സംഭാവനകള്‍. നൂറുകണക്കിനു ശാസ്‌ത്രലേഖനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്‌. 1931-ല്‍ പ്രസിദ്ധീകൃതമായ ഗ്രൂന്‍ഡ്രിസ്‌സ്‌ ഡെര്‍ ക്‌ളിമാകുണ്‌ഡെ (Grundriss der Klimakunde), 1924-ല്‍ ആല്‍ഫ്രഡ്‌ വാഗ്‌നറുമായി ചേര്‍ന്നു തയ്യാറാക്കിയ ഡീക്‌ളീമാറെ ഡെര്‍ ഗിയോളൊഗിഷെന്‍ ഫോര്‍ത്‌സൈറ്റ്‌ (Die Klimate der Geologischen Vorzeit)എന്നിവയാണ്‌ ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവ. 1927-ല്‍ റൂഡോള്‍ഫ്‌ ഗൈഗറുമായി ചേര്‍ന്ന്‌ കോപ്പന്‍ ഒരു പഞ്ചവാല്യ റഫറന്‍സ്‌ ഗ്രന്ഥത്തിന്റെ (Handbuch der Klimatologie) സംശോധനം ആരംഭിച്ചു. 1930-നും 1940-നുമിടയ്‌ക്ക്‌ ഇതിന്റെ മൂന്നു വാല്യങ്ങള്‍ പുറത്തിറക്കി. 1940 ജൂണ്‍ 22-നു ആസ്റ്റ്രിയയില്‍ കോപ്പന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍